രൂപം
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട...