പഠിപ്പിച്ച അധ്യാപിക അല്ല. എങ്കിലും അവരോട് എനിക്ക് തികഞ്ഞ ബഹുമാനം ഉണ്ടായിരുന്നു. വെളുത്ത് തുടുത്ത ശരീരമെങ്കിലും അതിസുന്ദരമായ രൂപമൊന്നും ആയിരുന്നില്ല. എങ്കിലും കുട്ടികളെ ഓർമിപ്പിക്കുന്ന എന്തോ ഒന്ന് ആ മുഖത്ത് ഉണ്ടായിരുന്നു. സാധാരണ അധ്യാപകരിൽ കാണുന്ന ഒരു ഒതുക്കമുള്ള സംഭാഷണരീതി ആയിരുന്നില്ല അവർക്ക്. നമ്മുടെ വീട്ടിലെ അമ്മമാരും അമ്മായിമാരും ഒക്കെ സംസാരിക്കുന്നത് ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. ചിലപ്പോൾ അതുകൊണ്ടാവാം, ബഹുമാനത്തെക്കാളുപരി അവരോട് ഒരു സ്നേഹം ആയിരുന്നു മുറ്റി നിന്നിരുന്നത്. വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കുഴപ്പമില്ലാത്ത രീതിയിൽ തന്നെയായിരുന്നു പരിചയം പുതുക്കിയതും. ഞാൻ പഠിച്ച സ്കൂളിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ അവർ പിന്നെയും പല ട്രാൻസ്ഫറുകൾക്കു ശേഷം ഞാൻ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസ് പരിധിയിലെ സ്കൂളിൽ എത്തിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവരെ വീണ്ടും കണ്ടത്. ആദ്യത്തെ കാഴ്ച ഒത്തിരി സന്തോഷം നൽകിയെങ്കിൽ, ഇന്ന്... ഹൊ... കണ്ണിൽ എന്തോ പോയി. കറുത്ത ഉറുമ്പാണ്...
എടുത്തു കളഞ്ഞിട്ട് വെള്ളമൊഴിച്ചു കഴുകിക്കളഞ്ഞിട്ടും നീറ്റൽ മാറുന്നില്ല. കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് വെക്കാതെ ഓടിക്കരുത് എന്ന് മാസ്റ്റർ പലതവണ പറഞ്ഞിട്ടുള്ളതാണ്. അത് കേട്ടിരുന്നെങ്കിൽ ഗ്ലാസിൽ തട്ടിപ്പോകണ്ട എറുമ്പാണത്. നമ്മെ വേദനിപ്പിക്കുന്ന എല്ലാറ്റിനെയും ഇതുപോലെ ഒരു ഗ്ലാസ് കൊണ്ട് തടഞ്ഞുനിർത്താൻ സാധിച്ചിരുന്നെങ്കിൽ...
ശരിക്കും എന്നെ വേദനിപ്പിക്കാൻ തന്നെയായിരിക്കുമോ അവർ അങ്ങനെ പറഞ്ഞത്... അറിയില്ല... "പോസ്റ്റുമാൻ അവിടെ നിന്നാൽ മതി" എന്ന് മറുപടിയിൽ എന്റെ ഹൃദയം തകർക്കാൻ പോന്ന ഒരു ബോംബ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഇത് വായിക്കുന്ന സുഹൃത്തേ, താങ്കൾക്ക് വേണമെങ്കിൽ എന്നെ ഒരു ലോലഹൃദയൻ എന്ന് വിളിക്കാം. ഞാൻ എതിർക്കില്ല. എന്നാൽ, എന്റെ വേദന സത്യമാണ്. ഞാൻ ഏറെക്കുറെ തകർന്നിരിക്കുന്നു...
സ്കൂളിലേക്ക് എഴുത്തുകളും മാസികകള് അങ്ങനെ എന്തെങ്കിലും ഉണ്ടാവും, എന്നും. ഒന്നും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്. രജിസ്ട്രേഡ് ലറ്റർ, സ്പീഡ് പോസ്റ്റ് എന്നിവ മിക്ക ദിവസങ്ങളിലും ഉണ്ടാവും. ഇവ രണ്ടും സ്വീകർത്താവ് ഒപ്പിട്ട് വാങ്ങേണ്ടതാണ്. രജിസ്ട്രേഡ് ലെറ്റർ ആണെങ്കിൽ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന ആൾക്കു മാത്രമേ ഒപ്പിട്ടു സ്വീകരിക്കാൻ നിർവാഹമുള്ളൂ. പ്രിൻസിപ്പലിനും, മറ്റ് അധ്യാപകർക്കും, വല്ലപ്പോഴും വിദ്യാർഥികൾക്കും അത്തരം കത്തുകൾ വരാറുണ്ട്. സാധാരണ അങ്ങനെയുള്ള സാഹചര്യങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളിൽ ആയിരിക്കും. അതുകൊണ്ട്, ചിലപ്പോഴൊക്കെ ഞാൻ നേരിട്ട് ക്ലാസുകളിൽ പോയി ഒപ്പിട്ട് വാങ്ങാറുണ്ട്. ചിലപ്പോൾ പ്യൂൺ പോയി ആളെ കൂട്ടിക്കൊണ്ടു വരികയും ചെയ്യും. ഇന്നും അങ്ങനെ ഒരു കത്ത് ഉണ്ടായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പേരിൽ. പതിവുപോലെ ക്ലാസ് എവിടെയാണെന്ന് ചോദിച്ചപ്പോൾ, ''വേണ്ട ഞാൻ മേരിചേച്ചിയെ വിടാം'' എന്ന് മറുപടി കിട്ടി. എന്നാൽ ചേച്ചി അവിടെ മറ്റെന്തോ ചെയ്തുകൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ബുദ്ധിമുട്ടാക്കണ്ട, ഞാൻ തന്നെ പോയാൽ പോരെ എന്ന ചിന്തയിലാണ് "കുഴപ്പമില്ല, ഞാൻ പൊയ്ക്കോളാം" എന്ന് പറഞ്ഞത്. അതിനു മറുപടി പറഞ്ഞത് ഞാൻ ആദ്യം പരിചയപ്പെടുത്തിയ അധ്യാപിക ആയിരുന്നു. മറുപടി എന്താണെന്ന് നിങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകും...
വേങ്ങരയിലെ മറിയാമ്മച്ചേടത്തി നല്ല രസ കത്തിയാണ്. ചേടത്തിയുടെ അടുത്ത് കുറച്ചുനേരം ഇരുന്ന് വർത്തമാനം ഒക്കെ ഒന്ന് കേട്ടാൽതന്നെ നമ്മുടെ പ്രശ്നങ്ങളെല്ലാം പാതി തീർന്നപോലെ തോന്നും. ചേട്ടത്തിയുടെ മരുമകൾക്ക് വന്ന മാസിക ഏൽപ്പിച്, കുറച്ചു വർത്തമാനവും കേട്ട്, 'മോൻ ഫോറിനീന്നു കൊണ്ടന്ന ക്വാഷും' കുടിച്ച് സ്കൂട്ടർ എടുത്തു പോകുമ്പോൾ മനസ്സിന് വലിയ ആശ്വാസം തോന്നി. ഒരു ഭാഗത്ത് ഉയർന്ന ഡിഗ്രി നേടി വിദ്യാസമ്പന്നർ എന്ന് പറഞ്ഞു നടക്കുന്നവർ മനുഷ്യനെ മറക്കുമ്പോൾ, മറുവശത്ത് നാലാം ക്ലാസും കുടുംബജീവിതപാഠങ്ങളും മാത്രം കൈമുതലുള്ളവർ പുറംമോടികളെ മറക്കുന്നു. ഇങ്ങനത്തെ ചേടത്തിമാർ എല്ലാ വീടുകളിലും ഉണ്ടായിരുന്നെങ്കിൽ...
എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല... എന്നാൽ ഒരാൾ പോലും ഇഷ്ടപ്പെടാത്ത ഒന്ന് ഈ ലോകത്ത് ഉണ്ടാവുകയുമില്ല... അതുകൊണ്ട് സന്തോഷിക്കുക. സന്തോഷിക്കുന്ന നിമിഷങ്ങളിൽ അല്ലാതെ പിന്നെ എപ്പോഴാണ് നാം ജീവിക്കുന്നത്..?
Comments
Post a Comment
You can add your comments here friends