മഴ പെയ്തുകൊണ്ടിരുന്നു...
പൊടികൊണ്ട് മൂടിയ വഴിയോരചെടികളെ കഴുകി, ചുട്ടുപഴുത്ത ടാർവഴിയെ തണുപ്പിച്ചു കൊണ്ട് ആകാശം തൻറെ തോരാക്കണ്ണുനീർ പൊഴിച്ചു...
വേനൽമഴയാണ്...
കുട കരുതാത്ത മനുഷ്യരും കുടയില്ലാത്ത പൂച്ച, പട്ടി, കോഴി മുതലായ പക്ഷിമൃഗാദികളും മഴയിൽ നിന്ന് രക്ഷനേടാൻ പരക്കം പായുമ്പോൾ, നനഞ്ഞ്, മഷി പടർന്ന ഒരു സർട്ടിഫിക്കറ്റും ചൂടുപിടിച്ച മനസ്സുമായി ഒരു വിഡ്ഢിയെപ്പോലെ അയാൾ ആ മഴയിൽ നടന്നു.
ചങ്കു തകരുന്നപോലെ... ദേഹമാകെ നനഞ്ഞിരിക്കുന്നു. നനഞ്ഞ തൂവാല പോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റ്. 'ഫസ്റ്റ് പ്ലേസ് അരവിന്ദ് സി. പി.'. മഷി മങ്ങിയതിനാലോ മഴവെള്ളം കാഴ്ചയെ മറച്ചതിനാലോ അരവിന്ദ് 'അരവട്ട്' എന്നാണ് കാണുന്നത്. അതെ അരവട്ട്... ഇതുവരെ കാണിച്ച വട്ടുകൾ വെച്ച് നോക്കുമ്പോൾ ഇത് അരവട്ട് മാത്രം. ഫസ്റ്റ് പ്ലേസ് അരവട്ട് സി. പി. ഇത് കേട്ട് പ്രകൃതി പോലും ഇടിനാദം മുഴക്കി അട്ടഹസിക്കുന്നു...
" 'ക്വിസ്, ക്വിസ്' എന്ന് പറഞ്ഞു നടന്നു ഒത്തിരി കാശ് കളഞ്ഞില്ലേ ഇതുവരെ എന്തെങ്കിലും കിട്ടിയോ ! " എന്ന് കൂട്ടുകാരും പിന്നീട് വീട്ടുകാരും ചോദിച്ചപ്പോഴും ആത്മവിശ്വാസം തകരാതിരുന്നതിൽ അവളും ഒരു കാരണമായിരുന്നു. " സാരമില്ലടാ... കിട്ടും. ഇന്നല്ലെങ്കിൽ നാളെ... നീ പഠിക്ക് ". 99.9 ശതമാനവും മുഖം തിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു കൂടെ നിന്നു ആ 0.1 ശതമാനം. അതായിരുന്നു എൻറെ റീതു. അല്ല... എൻറേത് എന്ന് ഞാൻ കരുതിയ റീതു.
ഓരോ തവണ തോൽക്കുംപോഴും ഒരു വാശി ഉണ്ടാകുമായിരുന്നു. അടുത്ത തവണ കൂടുതൽ നന്നായി പഠിച്ച് ഇറങ്ങണം എന്ന വാശി. മത്സര ഫീസ് കൊടുക്കാൻ ഇല്ലാതെ കടം വാങ്ങി പോയി, എന്നിട്ട് ഒന്നും കിട്ടാതെ വന്ന അവസ്ഥകൾ വരെ ഉണ്ടായിട്ടുണ്ട്; ഒന്നല്ല, പലവട്ടം... ആ വാശിക്കിടയിൽ ഞാൻ അവളെ മറന്നു പോയിരുന്നോ? എന്നും എന്നെ പിന്തുണച്ച് കൂടെ നിന്ന അവളുടെ കൂടെ നിൽക്കാൻ ഞാൻ ശ്രമിച്ചില്ലായിരുന്നോ..?
വലിയ നേട്ടങ്ങളോ ഓർമ്മകളോ ഒന്നും നേടാനാവാത്ത സ്കൂൾ കാലത്തിൽനിന്ന് എനിക്ക് ആകെ കിട്ടിയ ഒരു മുത്താണ് അവൾ എന്ന് ഞാൻ വിശ്വസിച്ചിരുന്നു... എൻറെ റീതു.
കുട്ടിത്തം നിറഞ്ഞ ആ മുഖമാണോ, കൂട്ടുകാരോടൊപ്പമുള്ളപ്പോഴത്തെ വായാടിത്തമാണോ, കൂസലില്ലാതെ എന്നെ നോക്കിയ ആ കണ്ണുകളാണോ.., എന്താണ് എന്നെ അവളിലേക്ക് ആകർഷിച്ചതെന്നറിയില്ല. അവളുടെ പൊട്ടിച്ചിരി ഒളിഞ്ഞുംതെളിഞ്ഞും നോക്കിയിരിക്കുക എൻറെ വിനോദമായിരുന്നു. അവൾ വരുന്ന വഴിയിൽ അവളെയും നോക്കി നിന്ന ആ നാളുകൾ... ഒരു തോളത്ത് ബാഗ് തൂക്കി കൂട്ടുകാരിയോട് സംസാരിച്ചുകൊണ്ട് അവൾ നടന്നു വരും. ചിലപ്പോൾ ഗൗരവം, ചിലപ്പോൾ പുഞ്ചിരി, ചിലപ്പോൾ കുസൃതി. അതിസുന്ദരിയൊന്നുമല്ലായിരുന്നു. എങ്കിലും സ്കൂൾ ഗേറ്റിനടുത്തേക്ക് ഒരു തോളിൽ ബാഗും വായ് നിറയെ വർത്തമാനവുമായി അവൾ കേറി വരുന്ന കാഴ്ച കാണുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ലോകത്തിലേക്കും വച്ച് ഏറ്റവും സുന്ദരി അവളാണെന്ന്...
പ്രണയത്തിൽ സമയം അനശ്വരമാണെന്നാണ് പറയുന്നത്. കാലമെത്ര കടന്നു പോയെന്ന് പ്രണയിനികൾ ശ്രദ്ധിക്കാറില്ല. സ്കൂൾകാലത്തിനപ്പുറം വർഷങ്ങൾ പലതു കഴിഞ്ഞു. ഇതിനിടയിൽ ഞങ്ങൾ അടുത്തു. പ്രണയം പങ്കിട്ടു. പഠിച്ചത് രണ്ടു കോളേജിൽ ആകേണ്ടി വന്നത് ഒരു ദുരന്തമായി(ല്ല?). ഒരുമിച്ചിരിക്കാമായിരുന്നു അവസരങ്ങൾ കുറഞ്ഞു. എങ്കിലും കാണാൻ പറ്റാവുന്ന അവസരങ്ങളൊന്നും കളഞ്ഞില്ല... പ്രണയകാലം എപ്പോഴും വേദന നിറഞ്ഞ ഒരു മധുരകാലമാണ്. മനോഹരമാണ്.
മനോഹരമായതൊക്കെ എന്നും അങ്ങനെ തന്നെ തുടർന്നിരുന്നെങ്കിൽ...
ഇല്ല, മനോഹരമാവില്ല...
എല്ലാം നന്നായി സംഭവിക്കുന്നത് സിനിമയിലാണ്. ജീവിതത്തിൽ നിരാശകളാണ് ഉണ്ടാവുക. പ്രണയത്തിൽ തകർച്ചകൾ, മത്സരത്തിൽ പരാജയങ്ങൾ, കഴിക്കാൻ ഭക്ഷണമില്ലാതെ, ഉടുക്കാൻ വസ്ത്രമില്ലാതെ, കിടക്കാൻ കൂരയില്ലാതെ നടക്കേണ്ട അവസ്ഥകൾ... ഒന്നാമനായി വിജയിക്കുന്നവൻറെ കഥകൾ കൊട്ടിഘോഷിക്കപ്പെടുന്നു. ജീവചരിത്രഗ്രന്ഥങ്ങൾ എഴുതപ്പെടുന്നു. ജീവ ചരിത്ര സിനിമകൾ ഇറങ്ങുന്നു. രണ്ടാമനെയും ചിലർ ഓർക്കും. ചിലപ്പോൾ മൂന്നാമനെയും... എന്നാൽ, അവനും പിറകിൽ വന്നവരോ? അവസാനം ആയവരോ..?
ചോര നീരാക്കി അധ്വാനിച്ചിട്ടും നിർഭാഗ്യവശാൽ പിന്തള്ളപ്പെടുന്നവർ...
അന്നേരത്തെ ചില കോച്ചിപ്പിടുത്തത്താലോ, സമനില തെറ്റലിലോ, പിഴച്ച തുടക്കം കാരണമോ പിന്നിലാകപ്പെടുന്നവർ... അതെ, അതാണ് ജീവിതം. വിജയിക്കപ്പെടുന്നവർക്ക് പോലും അവരുടെ വിജയത്തിന് അവർ കൊടുക്കേണ്ടി വന്ന വിലയെപ്പറ്റി ചിലത് പറയാനുണ്ടാകും...
ഇന്ന് എനിക്ക് ഒരു വിജയം ഉണ്ടായി. അതിന് ഞാൻ നൽകിയ വില എൻറെ പ്രണയവും...
കാർമേഘം പൊഴിച്ച കണ്ണുനീരിൽ അയാളുടെ കണ്ണു പെയ്ത മഴ ഇല്ലാതായി...
മഴയുടെ കുളിരിൽ ഭൂമി വിറയ്ക്കുമ്പോഴും ഉള്ളിലെ തീയിൽ അയാൾ ഉഷ്ണിച്ചവശനാവുകയായിരുന്നു...
തിമർത്തു പെയ്യുന്ന മഴയിൽ ആ രൂപം മാഞ്ഞുപോകുമ്പോൾ, നനഞ്ഞു കീറിപ്പറിഞ്ഞ് ഓടയിൽ കിടന്ന ഒരു കടലാസ് തുണ്ടിൽ ഒരു അപൂർണ്ണവാചകം തെളിഞ്ഞുനിന്നു... 'ഫസ്റ്റ് പ്ലേസ് അരവിന്ദ് സി. പി. '
നന്നായിട്ടുണ്ട്
ReplyDeleteനന്ദി 🙏
Delete