രൂപം
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിടവിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചത്ത് കത്തി ഒന്ന് തിളങ്ങി. പിടിയിൽ ഒന്നുകൂടി ബലത്തോടമർത്തി അവൻ തിരിഞ്ഞതും പെട്ടെന്നുണ്ടായ ആ കാഴ്ചയിൽ ഞെട്ടി അവൻ പിന്നിലേക്ക് വേച്ചു. തന്റെ തൊട്ടുമുൻപിൽ അവൻ മരണത്തെ കണ്ടു. തല മുതൽ കാൽ വരെ എത്തുന്ന കറുത്ത ഗൗണിൽ ആ രൂപം. ഭയത്തിന്റെ അത്യുന്നമായ അവസ്ഥയിൽ അവന്റെ തൊണ്ട ശബ്ദം ഉണ്ടാക്കാൻ മടിച്ചു. ഉച്ചത്തിൽ അലറാൻ ശ്രമിച്ച അവനിൽ നിന്നും വന്ന ശബ്ദം ഒരു ഈച്ചയുടെ ചിറകടിയോളം പോലും എത്തില്ലായിരുന്നു. ആ രൂപം തന്റെ നേർക്ക് അടുക്കുന്നത് അവനറിഞ്ഞു. മനസ്സിലേക്ക് ഒന്നും വരുന്നില്ല. ഓടാനോ ഉരിയാടാനോ പറ്റാതെ ആ ഇരുട്ടിൽ അവൻ ഒരു ശിലാപ്രതിമ കണക്കെ നിന്നു. ബലിഷ്ഠമായ കൈകൾ തന്റെ കഴുത്തിലമരുന്നു. തൊണ്ടയിലെ എല്ല് ഞെരിയുന്നതും ശ്വാസനാളവും അന്നനാളവും ഒന്നായ് ചേരാൻ തുടങ്ങുന്നതും വായു കിട്ടാൻ ശരീരം വെമ്പുന്നതും അവൻ അറിഞ്ഞു. പെട്ടെന്നായിരുന്നു അത്. എവിടെനിന്നോ വന്ന ഒരു ഊർജ്ജ പ്രവാഹത്തിൽ അവൻ സ്വയം കുടയപെട്ടു. 'രക്ഷപെടണം' അവന്റെ മനസ്സ് മന്ത്രിച്ചു. കൈകൾ അടുപ്പിക്കാൻ പറ്റുന്നില്ല. അവൻ തന്റെ കയ്യിലുള്ള കത്തിയിൽ മുറുകെപ്പിടിച്ചു. തന്നെ കഴുത്തിനു കുത്തി ഉയർത്തിപ്പിടിച്ചിരിക്കുന്ന രൂപത്തിന് നേരെ അവൻ തന്നാലാവും വിധം ആഞ്ഞാഞ്ഞ് വീശി. പെട്ടെന്നുള്ള ആക്രമണത്തിൽ രൂപത്തിന്റെ പിടി അയഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ പൂർണ്ണ ശക്തിയോടെ അവൻ തന്റെ കത്തി ആ രൂപത്തിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറക്കി. അലർച്ചയോടെ പിന്നിലേക്ക് പതിച്ച രൂപത്തിന്റെ നെഞ്ചിൽ നിന്നും തണുത്ത ചോര അവന്റെ മുഖത്തേക്ക് തെറിച്ചു. ആ അലർച്ച അവന് നല്ല പരിചയം തോന്നി. രൂപത്തിന്റെ അടുത്തുചെന്ന് മുഖത്തെ മറച്ചിരിക്കുന്ന തുണി മാറ്റാൻ നോക്കുമ്പോൾ എവിടെ നിന്നെന്നറിയാതെ ഡാം പൊട്ടിയ പോലെ കണ്ണടപ്പിച്ചുകൊണ്ട് രക്തം അവന്റെ മുഖത്തേക്ക് ശക്തിയായി ചീറ്റി. അതും തണുത്ത രക്തം. അത് ആവർത്തിച്ചു. വീണ്ടും വീണ്ടും വീണ്ടും…
* * *
മുഖം തുടച് കണ്ണ് തുറന്നപ്പോൾ കണ്ടു, കയ്യിൽ സ്റ്റീൽ കലവുമായി അരയ്ക്ക് കയ്യും കൊടുത്തു മുഖം നിറയെ കലി വാരിപ്പൂശി നിൽക്കുന്ന അമ്മയെ. തന്റെ കൈ ആരുടെയോ കഴുത്തിൽ അമർന്നിരിക്കുകയാണെന്നു വളരെ വേഗം അവൻ മനസ്സിലാക്കി. 'ഞാനിന്നു മാമന്റെ കൂടെയെ കിടക്കൂ' എന്നും പറഞ്ഞു വന്ന് കൂടെ കിടന്നുറങ്ങിയ ചേച്ചിയുടെ കുരുപ്പായിരുന്നു ആ 'രൂപ'മെന്നു മുഷ്ടി ചുരുട്ടിയുള്ള മൂക്കിനിടി കൊണ്ടപ്പോൾ വ്യക്തമായി. 'പട്ടിമാമൻ, ഞാനിനി ഒരിക്കലും കൂടില്ല' എന്ന് പറഞ്ഞു ഓടി ഇറങ്ങിപ്പോയ കുഞ്ഞിനെ നോക്കാതെ അവൻ മൂക്കും പൊത്തി കമഴ്‌ന്നു കിടന്നു. ഇടികിട്ടിയ വേദനയേക്കാൾ, സ്വപ്നം തന്ന ഞെട്ടലിൽ കണ്ണ് മിഴിച്, അവൻ കിടന്നു…
Comments
Post a Comment
You can add your comments here friends